മോട്ടോര്‍ വാഹനവകുപ്പിലെ സ്ഥാനക്കയറ്റം സംബന്ധിച്ച് പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ജോയിന്‍റ് ആർടിഒ തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും ഹെവി ഡ്രൈവിങ് ലൈസൻസും നിർബന്ധമാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ ഏറെക്കാലമായി മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാര്‍ തമ്മില്‍ നിലനിന്നിരുന്ന പ്രമോഷനെ ചൊല്ലിയുള്ള തമ്മിലടി പുതിയ തലത്തിലേക്കെത്തി. വകുപ്പിലെ എക്സിക്യൂട്ടീവ് അഥവാ സാങ്കേതിക വിഭാഗം ജീവനക്കാരും മിനിസ്റ്റീരിയല്‍ അഥവാ ക്ലറിക്കല്‍ ജീവനക്കാരും തമ്മിലുള്ള പോരാണ് രൂക്ഷമാകുന്നത്.
ജോയിന്റ് ആർടിഒ തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റത്തെച്ചൊല്ലി ഇരുവിഭാഗം ജീവനക്കാരും തമ്മില്‍ വര്‍ഷങ്ങളായി നടക്കുന്ന ശീതസമരം അടുത്തിടെയാണ് രൂക്ഷമായത്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നടന്ന ചേരിപ്പോരുകളും പോര്‍വിളികളും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഓഫീസ് വിഭാഗത്തിലെ സീനിയർ സൂപ്രണ്ടുമാരിൽനിന്നും വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ നിന്നുമാണ് ജോയിന്‍റ് ആർ.ടി.ഒ. തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നത്. ഇതിനെതിരെ പരാതിയുമായി എംവിഐ, എഎംവിഐമാര്‍ രംഗത്തെത്തി. ഇതോടെയാണ് പ്രശ്‍നം വാര്‍ത്തകളില്‍ നിറയുന്നത്.