KPA കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം
By admin 24-09-2023
KPA കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം
കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പുരോഗമിക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നാനി ഹോട്ടൽസ് ആൻഡ് റിസോർട്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. KPA ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ജെറി രാജു ഉദ്ഘാടനം നിർവ്വഹിച്ച സമ്മേളനത്തിൽ ദേശീയ നേതാക്കൾ, മറ്റു നേതാക്കൾ എന്നിവർക്ക് പുറമെ 500 ലേറെ പ്രതിനിധികൾ പങ്കെടുത്തു. കാതലായ പ്രമേയങ്ങൾ ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്തു പാസ്സാക്കി. കൊല്ലം ജില്ലയുടെ സമഗ്രവികസനം, ജില്ലയുടെ ടൂറിസം, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, തുടങ്ങി പൊതുജനത്തെ ബാധിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. വികസന കാര്യങ്ങൾ, ശാസ്ത്രീയമായ മാലിന്യ നിർമാർജനം, കർഷകരുടെ പ്രത്യേകിച്ച് നെൽ കർഷകരുടെ പ്രശ്നങ്ങൾ, പ്രവാസികളുടെ വിഷയങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ സജീവ ചർച്ചയായി.
കേരള രാഷ്ട്രീയത്തിന്റെ ദിശ നിർണ്ണയിക്കാൻ പിറവിയെടുത്ത കേരളാ പ്രവാസി അസോസിയഷൻ (KPA) എന്ന സ്വതന്ത്ര രാഷ്ട്രീയ സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് 2024 ഒക്ടോബർ മാസം കോഴിക്കോട് വേദിയാവുകയാണ്. അതിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്രവാസികൾ നേതൃത്വം കൊടുക്കുന്നുവെങ്കിലും ഈ നാട്ടിലെ ഏതൊരു പൗരനും അംഗത്വമെടുത്ത് സക്രിയമായി പ്രവർത്തിച്ച് KPA യുടെ നേതൃത്വത്തിലേക്ക് എത്തിപ്പെടാം. ഇത് പ്രവാസികളുടെ മാത്രമായുള്ള പാർട്ടിയല്ല. സമാനമനസ്കരായ 18 വയസ്സ് തികഞ്ഞ ഏതൊരാൾക്കും കടന്നു വരാവുന്ന പ്രസ്ഥാനമാണ് KPA. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സാന്നിദ്ധ്യമറിയിക്കാനും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെ നിർണായക ശക്തിയാവാനും ലക്ഷ്യമിട്ടുള്ള ചിട്ടയായുള്ള പ്രവർത്തനമാണ് KPA നടത്തുന്നത്. ബന്ദ് , ഹർത്താൽ, ജനജീവിതത്തെ ദുസ്സഹമാക്കുന്ന അക്രമ സമരങ്ങൾ എന്നിവയോട് സന്ധിയില്ലാത്ത KPA നിലപാട് ഇപ്പോൾ തന്നെ കേരള രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്.
"പ്രവാസികളിലൂടെ സ്വയം പര്യാപ്ത കേരളം" എന്ന മുദ്രാവാക്യമുയർത്തി രംഗത്തു വന്ന KPA ഒരു വർഷം പിന്നിടുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി രൂപകല്പന ചെയ്ത "ആയിരം വീട്" പദ്ധതിയിലൂടെ ദരിദ്ര വിഭാഗത്തിൽപ്പെട്ട രണ്ടു കുടുംബത്തിന് വീടുകൾ നിർമ്മിച്ചു നൽകി. വിദേശ രാജ്യങ്ങളിൽ തൊഴിൽ സാധ്യത കണ്ടെത്തി യുവജനങ്ങളുടെ തൊഴിലില്ലായ്മക്കുള്ള പരിഹാരമായി pravasijobs.com എന്ന വെബ് പോർട്ടൽ ഉടൻ തയ്യാറാവും. KPA യിലേക്കുള്ള യുവജനങ്ങളുടെ ഒഴുക്ക് ഇത്തരം കർമ്മ പദ്ധതികളിലൂടെ സാധ്യമാവും.