വിദേശ സർവകലാശാലകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ രാജ്യം തയ്യാറാകണം
By admin 09-01-2023
വിദേശ സർവകലാശാലകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ രാജ്യം തയ്യാറാകണം
വിദേശ സർവകലാശാലകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ രാജ്യം തയ്യാറാകണം. ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് ലഭ്യമാക്കേണ്ടത്. ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യത്ത് വിദേശ സർവകലാശാലകൾക്ക് അവരുടെ ക്യാമ്പസ് പ്രവർത്തിക്കാൻ അവസരം നൽകേണ്ടിയിരിക്കുന്നു. ലോകം മാറുമ്പോൾ അതിനൊപ്പം കുതിക്കാൻ പുതുതലമുറകൾക്ക് കഴിയണം. വിദേശ സർവകലാശാലകൾക്ക് അവരുടെ ക്യാമ്പസ് തുടങ്ങാനുള്ള ചട്ടങ്ങൾ യുജിസി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ലക്ഷ്യം പ്രത്യക്ഷത്തിൽ വിദേശ വിനിമയ നഷ്ടം ലാഭിക്കുകയെന്നതാണ്. ചൈനീസ് വിദ്യാർത്ഥികൾ കഴിഞ്ഞാൽ, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022ൽ ഏകദേശം 13 ലക്ഷം വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ട്. കൂടാതെ RBI കണക്കുകൾ പ്രകാരം 2021-2022 സാമ്പത്തിക വർഷത്തിൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോയത് മൂലം 5 ബില്യൺ രൂപയുടെ വിദേശനാണ്യം നഷ്ടപ്പെട്ടു എന്നാണ്. ഇതൊരു മികച്ച നീക്കമാണ്, കൂടാതെ ഇന്ത്യയെ വിദ്യാഭ്യാസത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമായി മാറ്റുന്നതിന് വഴിയൊരുക്കും. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ മസ്തിഷ്ക ചോർച്ചയും സാമ്പത്തിക നഷ്ടവും തടയാൻ മാത്രമല്ല, വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും ഇത് സഹായിക്കും. പക്ഷെ ഇതിനൊപ്പം രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സർക്കാർ തയ്യാറാകണം. മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. എങ്കിൽ മാത്രമെ വിദേശ വിദ്യാർത്ഥികൾ ഉൾപ്പെടെ ഇന്ത്യയിലേക്ക് എത്തുകയുള്ളു.
വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യമായ ഇക്കാലത്ത് ഇത്തരം നീക്കങ്ങളെ സ്വാഗതം ചെയ്യണം. എതിർപ്പുമായി വരാൻ തയ്യാറെടുക്കും മുമ്പ് ഇത് ഭാവി ഭാരതത്തിനും വരും തലമുറകൾക്കും പ്രയോജനകരമായി തീരുന്നതെങ്ങനെ എന്നു വിലയിരുത്താൻ തയ്യാറാവണം. എന്തിനെയും എതിർക്കാൻ ഒരുങ്ങിയിരിക്കുന്നവർ ഇതിനെയും നഖശിഖാന്തം വിമർശിച്ച് കാലതാമസം വരുത്തും. പക്ഷെ ലോകം മുന്നോട്ടു കുതിയ്ക്കുമ്പോൾ നാം പിന്നിലായിക്കൂടാ എന്ന തിരിച്ചറിവ് നഷ്ടപ്പെടരുത്.
ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ
ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)
അംഗമാകൂ arrow_outward