കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

മാവൂർ ഗ്രാസിമിലേക്ക് ബഹുജന മാർച്ച് : പ്രതിഷേധമിരമ്പി; പോലീസ് തടഞ്ഞു.

By admin 27-11-2023

മാവൂർ ഗ്രാസിമിലേക്ക് ബഹുജന മാർച്ച് : പ്രതിഷേധമിരമ്പി; പോലീസ് തടഞ്ഞു.

കോഴിക്കോട് : ഗ്രാസിം മാവൂർ വിടുക , മാവൂരിന്റെ ഭൂമിയിൽ സർക്കാർ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാവൂർ ഗ്രാസിം സമര സമിതി ഗ്രാസിം ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ വൻപ്രതിഷേധം. രാവിലെ 11 മണിയോടെ സമരസമിതി ചെയർമാൻ
രാജേന്ദ്രൻ വെള്ളപാലത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ദീദ തിയ്യറ്ററിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് പോലീസ് കമ്പിനി ഗെയ്റ്റിന് സമീപം തടഞ്ഞു. മാവൂർ സ്റ്റേഷൻ ഇൻ ചാർജ്ജ് കുന്ദമംഗലം പോലീസ് ഇൻസ്പക്ടർ എസ് ശ്രീകുമാറിന്റെയും മാവൂർ എസ് ഐ പി ടി സെയ്ഫുള്ളയുടെയും നേതൃത്വത്തിൽ കനത്ത പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

ഗ്രാസിം ബിർളയ്ക്ക് വിട്ടു കൊടുത്ത സർക്കാർ നിലപാടിൽ വലിയ പ്രതിഷേധമാണ് ജാഥയിൽ ഉടനീളം ഉയർന്നത്. സ്ത്രീകളുടെ വൻ നിര തന്നെ ജാഥയിൽ അണിനിരന്നു. പ്രതിഷേധ മാർച്ച് കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാസിം വിഷയത്തിൽ സർക്കാർ ബിർളയ്ക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. ബിർളയുമായി ധാരണ ഉണ്ടാക്കിയത് കൊണ്ടാണ് കേസിൽ സർക്കാർ വക്കീൽ ഹാജരാകാത്തത് . മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ പ്രശ്നം പരിഹരിക്കാതെ വടക്ക് നിന്നും തെക്കോട്ട് യാത്ര ചെയ്താൽ പോരാ, മണ്ണിലിറങ്ങി ജനകീയ പ്രശ്നം പരിഹരിക്കണമെന്ന് രമ നവകേരളത്തെ വിമർശിച്ച് കൊണ്ട് സംസാരിച്ചു.

ഗ്രാസിം വിടുന്നത് വരെ ജനകീയ സമരം തുടരുമെന്ന് രാജേന്ദ്രൻ വെള്ളപ്പാലത്ത് പറഞ്ഞു. ഗ്രാസിം ഭൂമി സർക്കാറിന്റെതാണ് എന്ന് ബിർളക്കറിയാം. എന്നാൽ ബിർളയുടെ അച്ചാരം വാങ്ങി സർക്കാർ മൗനം പാലിക്കുന്നു. സമരം ഇടത് സർക്കാറിന് എതിരായ സമരമല്ല. ഗ്രാസിം ഭൂമി അനാഥമായി കിടക്കുന്നതിന് പകരം തൊഴിൽ കൊടുക്കാൻ വേണ്ടിയുള്ള അഭ്യർത്ഥനയാണിതെന്ന് അദ്ദേഹം പറഞ്ഞു.ഈ മാസം 23 ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഗ്രാസിം സമരത്തിന് പരിഹാരം കാണുന്നത് വരെ ഒപ്പം ഉണ്ടാകുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. ഗ്രാസിം വിഷയം ഇപ്പോൾ ശരിയാകും എന്ന് പറയുന്നതല്ലാതെ പരിഹാരം കാണുന്നില്ലെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് കുറ്റപ്പെടുത്തി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ജനറൽ കൺവീനർ വളപ്പിൽ റസാഖ്,ഷംസുദ്ദീൻ ചെറുവാടി (വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം), പി എം മുനീർ (എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി), ടി പി സുരേഷ് (ബിജെപി സംസ്ഥാന കമ്മിറ്റി അംഗം), എൻ പി അഹമ്മദ് (ട്രഷറർ സമരസമിതി), ടി രഞ്ജിത്ത് (വർക്കിംഗ് ചെയർമാൻ സമരസമിതി), കെ ഉസ്മാൻ (കോഡിനേറ്റർ സമരസമിതി), കെ സി വത്സരാജ് (കൺവീനർ സമരസമിതി), കെ എസ് രാമമൂർത്തി (മർച്ചന്റ് അസോസിയേഷൻ), കെഎം ഷമീർ തുടങ്ങിയവർ സംസാരിച്ചു.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward