കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമി; കെപിഎ കോടതിയെ സമീപിക്കും

By admin 10-02-2023

മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമി; കെപിഎ കോടതിയെ സമീപിക്കും

കോഴിക്കോട് മാവൂർ ഗ്വാളിയോർ റയോൺസിന്റെ കൈവശമുള്ള മാവൂരിലെ ഭൂമി പിടിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ (KPA) കോടതിയെ സമീപിക്കും. കമ്പനി അടച്ചു പൂട്ടി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗ്രാസിം ഫാക്ടറിക്ക് വിട്ടു നൽകിയ ഭൂമി സർക്കാർ തിരിച്ച് പിടിക്കാത്തത് സംശയാസ്പദമാണ്. കെപിഎ ഉന്നയിക്കുന്ന ആവശ്യങ്ങൾ:-


*ബിർളയുടെ കൈവശമുള്ള മാവൂരിലെ ഭൂമി സർക്കാർ ഏറ്റെടുക്കണം.

*ഈ ഭൂമിയിൽ സർക്കാർ ഉടമസ്ഥതയിൽ സംരഭങ്ങൾ തുടങ്ങാൻ നിർദ്ദേശം നൽകണം.

*പരിചയ സമ്പന്നരായവർക്ക് വ്യവസായം തുടങ്ങാൻ സൗകര്യം ഒരുക്കണം.


മേൽപ്പറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെപിഎ കോടതിയെ സമീപിക്കുക. നിലവിൽ ഹൈക്കോടതിയിൽ ബിർള കമ്പനി നൽകിയ കേസിൽ കെപിഎ കക്ഷി ചേരും. അതേസമയം നിയമനടപടി തുടരുന്നതിന് ഒപ്പം ഗ്രാസിം ഭൂമിയിൽ വ്യവസായ സാധ്യത ആരാഞ്ഞ് മാർച്ച് രണ്ടാം വാരം കെപിഎ മാവൂരിൽ സെമിനാർ സംഘടിപ്പിക്കും. രാഷ്ട്രീയ നേതാക്കളേയും വിദ​ഗ്ധരേയും ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിക്കുക. "മാവൂരിലെ ഗ്രാസിം ഭൂമിയെ മുൻനിർത്തി മലബാറിന്റെ വികസന സാധ്യതകൾ " എന്നതാണ് സെമിനാറിന്റെ വിഷയം. തീയതി അതിഥികളുടെ സൗകര്യം പരിഗണിച്ച് പിന്നീട് പ്രഖ്യാപിക്കും.

2001 ൽ കമ്പനി അടച്ചു പൂട്ടിയെങ്കിലും ഭൂമി ഇപ്പോഴും ബിർള മാനേജ്മെന്റിന്റെ കൈവശമാണുള്ളത്. മൂന്ന് ഘട്ടങ്ങളിലായി 246 ഏക്കറോളം ഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് കമ്പനിയ്ക്ക് കൈമാറിയത്. വുഡ് പൾപ്പ് ഫാക്ടറി പ്രവർത്തനം നിർത്തുമ്പോൾ ഭൂമി തിരിച്ച് നൽകണം എന്നായിരുന്നു ഉടമ്പടി. അല്ലാത്തപക്ഷം ഭൂമി പിടിച്ചെടുക്കാൻ സർക്കാറിന് അധികാരം നൽകുന്നതാണ് വ്യവസ്ഥ. എന്നാൽ കമ്പനി പൂട്ടി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മുപ്പത് ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചു നീക്കി ഭൂമി വിട്ടു പോകണം എന്നായിരുന്നു 21/3/2006 ന് സർക്കാർ ഉത്തരവിട്ടത്. പിന്നീട് കമ്പനിയുടെ പുതിയ പദ്ധതി അപേക്ഷ പരിഗണിച്ച് സർക്കാർ ഉത്തരവ് തിരുത്തിയത് ദുരൂഹമാണ്. ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഗ്വാളിയോർ റയോൺസ് കമ്പനിയ്ക്ക് കോടതിയെ സമീപിക്കാൻ അവസരം നൽകുകയാണ് സർക്കാർ ചെയ്തത്. മാവൂരിലെ ഭൂമി തിരിച്ചു പിടിച്ച് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചാൽ ആയിരക്കണക്കിന് പേർക്ക് തൊഴിൽ ലഭിക്കും. ഇതുവഴി മലബാറിൽ വലിയ വികസന വിപ്ലവം ഉണ്ടാകും. ഇഎംഎസ് സർക്കാർ ഗ്വാളിയോർ റയോൺസ് കമ്പനിക്ക് മാവൂരിലെ ഭൂമി കൈമാറിയത് നാടിന്റെ വികസനം ലക്ഷ്യമിട്ടായിരുന്നു. മാവൂരിലൂടെ മലബാറിന്റെ വികസനമായിരുന്നു ആ സർക്കാർ കണ്ട സ്വപ്നം. ഇഎംഎസിന്റെ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ, പിണറായി സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് കെപിഎ ആവശ്യപ്പെടുന്നു. വാർത്താ സമ്മേളനത്തിൽ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, കോഴിക്കോട് ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ വേണുഗോപാൽ വെട്ടുമ്മൽ, ഷാജി എം കെ, മാവൂർ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സജീവൻ കച്ചേരിക്കുന്ന്, ബി. സനിൽ എന്നിവർ പങ്കെടുത്തു.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward