കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

വിമാനടിക്കറ്റ് നിരക്ക് വർധന; സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് കേരളാ പ്രവാസി അസോസിയേഷൻ

By admin 18-09-2023

വിമാനടിക്കറ്റ് നിരക്ക് വർധന; സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് കേരളാ പ്രവാസി അസോസിയേഷൻ

ഗൾഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ. വിമാന കമ്പനികളെ നിയന്ത്രിക്കാൻ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾക്ക് അധികാരം നൽകുന്ന ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. യാത്രാ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് വിമാന കമ്പനികൾ ഇന്ത്യയിലെ യാത്രക്കാരെ പിഴിയുകയാണ്. ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് കേരളാ പ്രവാസി അസോസിയേഷൻ വ്യക്തമാക്കി.

റൂൾ 134-ലെ (1), (2) ഉപചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഓരോ എയർ ട്രാൻസ്പോർട്ട് സ്ഥാപനവും, പ്രവർത്തനച്ചെലവ്, സേവനത്തിന്റെ സവിശേഷതകൾ എന്നിവയുൾപ്പെടെ എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് താരിഫ് സ്ഥാപിക്കുക. എന്നാൽ താരിഫ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തതയുമില്ലാത്തതിനാൽ, ഈ നിയമത്തിന് കീഴിൽ താരിഫ് സ്ഥാപിക്കുന്നതിന് എയർലൈനിന് അനിയന്ത്രിതമായ അധികാരം നൽകിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് ദുർബലരായ പ്രവാസികളെ വൻതോതിൽ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലേക്ക് നയിച്ചു. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളവും ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വർധിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് നിരക്ക് ഏറ്റവും കൂടുതൽ ഉയരാറുള്ളത്. വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക് ഉയരാൻ കാരണമായി വിമാനകമ്പനികൾ പറയുന്നത്.

കോവിഡ് പ്രതിസന്ധി മറികടന്ന് പ്രവാസികൾ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഈ സാഹചര്യത്തിലും വിമാന കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യത്വരഹിതമായ സമീപനമാണ് തുടരുന്നത്. ഉത്സവ കാലത്താണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി യാത്രക്കാരെ ദ്രോഹിക്കുന്നത്. എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന കമ്പനികൾ പത്ത് ഇരട്ടിയാണ് യാത്രാനിരക്ക് വർദ്ധിപ്പിച്ചത്. ദുബായ് സെക്ടറിൽ 64000, കൊച്ചിയിലേക്ക് 1,04,738 വരെ, തിരുവനന്തപുരത്തേക്ക് 2,45,829 വരെ എന്നിങ്ങനെയാണ് കൂട്ടിയ നിരക്കുകൾ. സെപ്തംബർ മാസം തീരുവോളമെങ്കിലും ഈ നിരക്ക് തുടരുമെന്നാണ് സൂചന. ഏഴായിരം രൂപയ്ക്ക് ലഭ്യമായിരുന്ന ടിക്കറ്റുകൾക്ക് നാല്പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ നൽകേണ്ട ഈ ദുരവസ്ഥയിലേക്കാണ് പ്രവാസികളെ വിമാനകമ്പനികളും സർക്കാരും തള്ളിവിട്ടത്. ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റ്സുകളിലേക്കുള്ള യാത്രക്കാരും കടന്നു പോകുന്നത് ഇതേ ദുരവസ്ഥയിലൂടെയാണ്. ഇത് വർഷങ്ങളായി തുടരുന്ന കൊള്ളയാണ്. വിമാന കമ്പനികളുടെ ജനവിരുദ്ധ നിലപാടിന് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്ന് പ്രവാസി അസോസിയേഷൻ കുറ്റപ്പെടുത്തി.

പകർച്ചവ്യാധി കാരണം രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം 2020 മെയ് 25 ന് സർവീസുകൾ പുനരാരംഭിച്ചപ്പോൾ ഫ്ലൈറ്റ് ദൈർഘ്യത്തെ അടിസ്ഥാനമാക്കി ആഭ്യന്തര വിമാന നിരക്കുകളിൽ സർക്കാർ പരിധി നിശ്ചയിച്ചിരുന്നു. 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വിമാനങ്ങൾക്ക് നിലവിൽ ഒരു യാത്രക്കാരനിൽ നിന്ന് 2,900- രൂപയും (ജിഎസ്ടി ഒഴികെ), 8,800 രൂപയിൽ കൂടുതലും (ജിഎസ്ടി ഒഴികെ) ഈടാക്കാൻ പാടില്ലെന്നായിരുന്നു നിയമം. ഇതേ മാതൃകയിൽ വിമാന നിരക്കിന് ഒരു പരിധി നിശ്ചയിക്കണം. അമിത യാത്രക്കൂലി ഈടാക്കാൻ സൗകര്യമൊരുക്കുന്ന aircraft റൂളുകളിലെ ചില പരാമർശങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും ഇതിൽ തിരുത്തലുകൾ വരുത്തുന്നതിലൂടെ വിമാന കമ്പനികളുടെ മിനിമം മാക്സിമം ഫെയറുകൾ നിജപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തണമെന്നുമാണ് കേരള പ്രവാസി അസോസിയേഷൻ (KPA) ആവശ്യപ്പെടുന്നത്.

വിമാന കമ്പനികളുടെ നടപടിയ്ക്ക് എതിരെ കേരള പ്രവാസി അസോസിയേഷൻ ദില്ലി ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് വിമാന യാത്രാ നിരക്ക് അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും പരാതി നൽകിയിരുന്നു.വിഷയത്തിൽ സർക്കാർ ഇടപെടലുകളുണ്ടാവാതിരുന്ന സാഹചര്യത്തിലാണ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്. അസോസിയേഷന് വേണ്ടി ചെയർമാൻ രാജേന്ദ്രൻ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തുമാണ് ഹർജി നൽകിയത്.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward